ആദ്യമേ പറഞ്ഞു കൊള്ളട്ടേ ഈ പേര് ഞാൻ ഒരു ഷോട്ഫിലിമിൽ നിന്ന് അടിച്ചു മാറ്റിയതാണ്.ഈ പേരിന്റെ കടപ്പാട് ആദ്യമേ അറിയിച്ചു കൊള്ളുന്നു.പൊറുക്കാനാവാത്ത തെറ്റാണെങ്കിൽ പിന്നെയും ക്ഷമ ചോദിച്ചുകൊള്ളുന്നു.
ആവശ്യമുള്ള സാധനങ്ങൾ ;
തയ്യാറാക്കുന്ന വിധം ;ആവശ്യമുള്ള സാധനങ്ങൾ ;
- ചിക്കൻ - ഒരെണ്ണം മുഴുവനായി (1 കിലോ)
- കാശ്മീരീ മുളകുപൊടി - 3 ടീ സ്പൂൺ,
- മല്ലിപ്പൊടി - 1 1/2 ടീ സ്പൂൺ
- ചിക്കൻ മസാല - 2 ടീ സ്പൂൺ
- നാരങ്ങാ - 2 എണ്ണം
- എണ്ണ - ആവശ്യത്തിന്
- ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ടീ സ്പൂൺ
- വെളുത്തുള്ളി അതും കൊത്തിയരിഞ്ഞത് - 1 ടീ സ്പൂൺ
- പച്ചമുളക് - 15 എണ്ണം (പേടിക്കണ്ട അവസാനം വറുത്ത് അലങ്കോലപ്പെടുത്താനാ)
- സവാള - 2 എണ്ണം ചെറുത്
- മുട്ട - പുഴുങ്ങിയത് 3 എണ്ണം,അല്ലേ വേണ്ട 2 എണ്ണം മതി ഒരെണ്ണം കൂടിപ്പോയതിനാൽ അത് മറ്റാർക്കും കൊടുക്കാതെ എന്റെ പ്രിയ സുഹ്രുത്ത് അത് അകത്താക്കി.നിങ്ങൾക്കാ അനുഭവം ഉണ്ടാകാതിരിക്കട്ടെ,
- ഉപ്പ് - ആവശ്യത്തിന്
രണ്ട് ടീ സ്പൂൺ കാശ്മീരി മുളകുപൊടി 1/2 ടീ സ്പൂൺ മല്ലിപ്പൊടിഒരു ടീ സ്പൂൺ ചിക്കൻ മസാല എന്നിവ ഒരു നാരങ്ങയുടെ നീരും ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് കുഴമ്പു രൂപത്തിൽ കുഴച്ചെടുക്കുക.ശേഷം തൊലി കളഞ്ഞ് കഴുകി വെച്ചിരിക്കുന്ന ചിക്കന്റെ (ഞാൻ ഫ്രോസൻ ചിക്കനാ വാങ്ങിയത്) നെഞ്ചിലും മുതുകിലും കാലിലും ഒരു മര്യാദയും ഇല്ലാതെ പിച്ചാത്തിക്ക് വരഞ്ഞ് കുഴമ്പുരൂപത്തിലാക്കിയ മസാലയും പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
മുട്ട പുഴുങ്ങി തോട് കളഞ്ഞു പിച്ചാത്തിക്ക് വരഞ്ഞു വെക്കുക,മുട്ട പുഴുങ്ങുന്നത് ആർക്കും പറഞ്ഞു തരേണ്ട കാര്യമില്ല.
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി 15 പച്ചമുളക് മുറിക്കാതെ വർത്ത് കോരി മാറ്റി വെക്കുക, വർക്കുമ്പോൾ പച്ച മുളകിൽ ചെറിയ ഒരു പോറൽ വരുത്തിയാൽ എണ്ണയിൽ ഇടുമ്പോൾ പൊട്ടിത്തെറിച്ച് കണ്ണിലും മറ്റും വീഴുന്നത് ഒഴിവാക്കാം
(ഇത് ഒരു വിശ്വാസം മാത്രം ഒരു ഗ്യാറണ്ടിയും ഇല്ലട്ടാ.....)
ശേഷം പാനിലെ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കുക ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർക്കുക,അൽപ്പം ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക.മുളകു പൊടി മല്ലിപ്പൊടി ചിക്കൻ മസാല എന്നിവ ഒരു ടീ സ്പൂൺ വീതം ഇട്ട് അല്പം വെള്ളവും ഒഴിച്ച് വേവിച്ച് ഡ്രൈ ആക്കി എടുക്കുക.
ഇപ്പോൾ ഏകദേശം ഒരു മണിക്കൂർ ആയിക്കാണും,
തണുപ്പനുഭവിച്ച് ഫ്രിഡ്ജിൽ കഴിയുന്ന ചിക്കനെ പുറത്തെടുത്ത് അതിലേക്ക് മൂന്നാല് വറുത്ത പച്ചമുളകും സവാള ഗ്രേവിയും മുട്ടയും തള്ളി കയറ്റുക. ചിക്കന്റെ മുകളിലേക്ക് ബാക്കിയുള്ള ഒരു നാരങ്ങ വെറുതേ പിഴിഞ്ഞൊഴിക്കുക.
ഇനി ചിക്കൻ ഒരു ട്രേയിലേക്ക് മാറ്റി ഓവനിൽ 30 മിനിറ്റ് വേവിക്കുക,
15 മിനിറ്റ് കഴിയുമ്പോൾ കമഴ്ന്നു കിറ്റക്കുന്ന കോഴിയെ മലർത്തി കിടത്താവുന്നതാണ്.
രണ്ട് വശവും നല്ല വണ്ണം വേവാൻ ഇത് സഹായിക്കും.
30 മിനിറ്റിനു ശേഷം ചിക്കൻ പുറത്തെടുത്ത് ഒരു സർവിങ് ഡിഷിൽ ചിക്കനും വെച്ച് വർത്ത മുളകുകൊണ്ട് അലങ്കരിച്ച് വെക്കുക.
ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് സ്വാദിഷ്ടമായ ചിക്കൻ കോക്കാച്ചിയാണ്.
ശുഭം.